തിരുവനന്തപുരം: അന്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കടൽത്തീര നിവാസികൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട 160 അപേക്ഷകളാണ് കടൽക്കര പുറന്പോക്ക് കേസുകളായി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയതെന്നു മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
എന്നാൽ ഇത്രയും അപേക്ഷകർ വ്യക്തിഗതമായി തഹസിൽദാർമാർക്കു ലഭിച്ചിട്ടില്ല. കടൽക്കര പുറന്പോക്ക് കേസുകളിൽ സർവേ ചെയ്യാത്ത ഭൂമിയും സർവേ നന്പരുള്ളതും എന്നാൽ ഹൈറ്റൈഡ് ലൈൻ നിശ്ചയിച്ചു ലഭിക്കേണ്ട ഭൂമിയുമുണ്ട്.
കലവൂർ വില്ലേജിൽ അണ്സർവെയ്ഡ് ലാൻഡിൽ സ്ഥിതി ചെയ്യുന്ന 22 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.
മാരാരിക്കുളം വടക്ക് വില്ലേജിലെ 121 കൈവശക്കാരുടെ അർഹത പരിശോധിക്കുന്നതിന് ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതും നോട്ടിഫിക്കേഷൻ തയാറാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നതുമാണ്.
നിയമപരമായ നടപടി ക്രമം സയബന്ധിതമായി പൂർത്തിയാക്കി അർഹരായ എല്ലാവർക്കും കാലതാമസം കൂടാതെ പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പി.പി. ചിത്തരഞ്ജന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.